വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള വരാപ്പുഴ പള്ളി 'മൈനർ ബസിലിക്ക' പദവിയിലേക്ക്
വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദേവാലയമായ വരാപ്പുഴ പള്ളി 'മൈനർ ബസിലിക്ക' പദവിയിലേക്ക്. വരാപ്പുഴ അതിരൂപതയിൽ ബസിലിക്ക പദവി ലഭിക്കുന്ന രണ്ടാമത്തെ ദേവാലയമാണ് ഇത്. വല്ലാർപാടം മരിയൻ തീർത്ഥാടന കേന്ദ്രമാണ് ബസിലിക്കാ പദവി ലഭിച്ച, വരാപ്പുഴ അതിരൂപതയിലെ മറ്റൊരു ദേവാലയം.
1659 ൽ മലബാർ വികാരിയാത്തു ആയി സ്ഥാപിതമായി , 1709 ൽ വരാപ്പുഴ വികാരിയത്തായി പുനർനാമകരണം ചെയ്യപ്പെട്ട് , പിന്നീട് 1886 ൽ അതിരൂപത ആയി ഉയർത്തപ്പെട്ടതാണ് വരാപ്പുഴ അതിരൂപത.
എ ഡി 1673 ൽ ആണ് വരാപ്പുഴ ദൈവാലയം നിർമ്മിക്കപ്പെട്ടത്. മൂന്നു നൂറ്റാണ്ടോളം റീത്തു ഭേദമന്യേ കേരള കത്തോലിക്ക വിശ്വാസികളുടെ ആത്മീയവും ഭൗതീകവുമായ ഭരണനിർവഹണം നടത്തിയിരുന്നത് വരാപ്പുഴയിൽ നിന്നായിരുന്നു. 18 ആം നൂറ്റാണ്ട് മുതൽ വരാപ്പുഴ വികാരിയത്തിൻറെ തലവന്മാർ ആയിരുന്ന അപ്പസ്തോലിക വികാരിമാരുടെ ആസ്ഥാനമായിരുന്നു വരാപ്പുഴ ദേവാലയത്തോട് ചേർന്നുള്ള കർമലീത്ത ആശ്രമം. 1904 വരെ ഇവിടെ ആയിരുന്നു വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തമാരുടെ ഔദ്യോഗിക വസതി. 1904 ൽ വരാപ്പുഴ മെത്രാപ്പോലീത്തമാരുടെ ഔദ്യോഗിക വസതി എറണാകുളത്തേക്ക് മാറ്റി സ്ഥാപിച്ചു. എന്നിരുന്നാലും അതിരൂപതയുടെ ശീർഷകം ആയി വരാപ്പുഴ എന്ന നാമം നിലനിർത്തി.
കത്തോലിക്കാ സഭയിലെ രണ്ടു മധ്യസ്ഥരുടെ നാമത്തിൽ ആണ് ഈ ദേവാലയം സ്ഥാപിക്കപ്പെട്ടത് . കർമ്മലമാതാവും വിശുദ്ധ യൗസേപ്പിതാവും. 1936 ൽ വരാപ്പുഴ അതിരൂപത കത്തീഡ്രൽ എറണാകുളത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് വരെ വരാപ്പുഴയിലെ കർമ്മല മാതാവിന്റെയും വി. യൗസേപ്പിതാവിന്റെയും ഈ ദേവാലയമായിരുന്നു വരാപ്പുഴ അതിരൂപതയുടെ കത്തീഡ്രൽ പള്ളി. കർമ്മലീത്ത വൈദീകനും ഹോർത്തൂസ് മലബാറിക്യൂസ് എന്ന വിഖ്യാദ ഗ്രന്ഥത്തിന്റെ സഹരചയിതാവുമായ ഫാ. മത്തേവൂസ് ഓ. സി. ഡി. ആണ് ഈ ദേവാലയം ഇവിടെ നിർമ്മിച്ചത്.
കത്തോലിക്കാ സഭയിൽ ചില ദേവാലയങ്ങൾക്ക് മാത്രം കൊടുക്കുന്ന പ്രത്യേക പരിഗണനയാണ് ബസിലിക്ക പള്ളി എന്ന ശീർഷകം. ഒരു ദേവാലയത്തിന്റെ ചരിത്രപരമായതും വിശ്വാസ സംബന്ധമായതും ആയ പ്രാധാന്യവും, പ്രസ്തുത ദേവാലയത്തിൻറെ വാസ്തുശില്പകലയിലെ വൈഭവവും കണക്കിലെടുത്താണ് ഇപ്രകാരം ഒരു ശീർഷകം നൽകപ്പെടുന്നത്. കൂടാതെ കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ റോമിലെ പാപ്പയോടുള്ള ബന്ധത്തെയും ഈ ശീർഷകം ഓർമിപ്പിക്കുന്നു. ഒരു ദേവാലയം ബസിലിക്കയായി ഉയർത്തപ്പെട്ടതുവഴി ആരാധനക്രമപരമായ കൂടുതൽ ഉത്തരവാദിത്തങ്ങൾ ആ ദേവാലയത്തിന് ഉണ്ടാവുന്നു.
താമസിയാതെ അതിരൂപത തലത്തിലുള്ള ഔദോഗിക പ്രഖ്യാപനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നടത്തുന്നതായിരിക്കും.
വരാപ്പുഴ വികാരിയത്തിൽ 1857 സ്ഥാപിതമായ ലത്തീൻ കർമ്മലീത്ത മൂന്നാം സഭയുടെ ഇപ്പോഴത്തെ രൂപമായ നിഷ്പാദുക കർമലീത്താ സഭയിലെ മഞ്ഞുമ്മൽ പ്രൊവിൻസിലെ വൈദികരാണ് ഇപ്പോൾ ഈ ദൈവാലയത്തിൽ അജപാലന ശുശ്രൂഷ നടത്തുന്നത്
Comments
Post a Comment